ആഗോള വിപണിയിൽ ചുവടുറപ്പിക്കാൻ അംബാനി; കാമ്പ കോള ഇനി നേപ്പാളിലും, വെല്ലുവിളിയുയർത്തി റിലയൻസ്

മുംബൈ: ആഗോള ശീതളപാനീയ വിപണിയിലെ അതികായന്മാരായ പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ചുകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ ‘കാമ്പ കോള’ (Campa Cola) ബ്രാൻഡിനെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ ബ്രാൻഡായ കാമ്പ കോള ഇപ്പോൾ നേപ്പാളിലും അവതരിപ്പിച്ചു. നേപ്പാളിലെ പ്രമുഖ എഫ്.എം.സി.ജി (FMCG) ബ്രാൻഡായ ചൗധരി ഗ്രൂപ്പുമായി (CG) ചേർന്നാണ് ഈ പുതിയ നീക്കം.

നേരത്തെ യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ കാമ്പ കോള അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയൽരാജ്യമായ നേപ്പാളിലേക്കും ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്. കാമ്പ കോളയ്ക്ക് പുറമെ കാമ്പ ലെമൺ, കാമ്പ ഓറഞ്ച്, കാമ്പ എനർജി ഡ്രിങ്കുകൾ എന്നിവയും നേപ്പാൾ വിപണിയിൽ ലഭ്യമാകും. പ്രശസ്ത നൂഡിൽസ് ബ്രാൻഡായ ‘വായ് വായ്’ (Wai Wai) ഉടമകളായ ചൗധരി ഗ്രൂപ്പിന്റെ വിപുലമായ വിതരണ ശൃംഖല ഉപയോഗപ്പെടുത്തി നേപ്പാളിൽ ശക്തമായ സാന്നിധ്യമാകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ വിപണി ഭരിച്ചിരുന്ന കാമ്പയെ 2022-ലാണ് റിലയൻസ് ഏറ്റെടുത്തത്. തുടർന്ന് 2023-ൽ പുതിയ രൂപത്തിൽ ബ്രാൻഡിനെ വിപണിയിൽ തിരിച്ചെത്തിച്ചു. കുറഞ്ഞ വിലയും മികച്ച ഗുണനിലവാരവും ഉറപ്പാക്കി കൊക്ക കോളയ്ക്കും പെപ്‌സിക്കും ഇന്ത്യൻ വിപണിയിൽ കനത്ത വെല്ലുവിളി ഉയർത്താൻ ഇതിനോടകം തന്നെ കാമ്പയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ വിദേശ വിപണികളിലും സജീവമാകുന്നതോടെ ആഗോള തലത്തിൽ തന്നെ ഒരു ഇന്ത്യൻ ബ്രാൻഡിനെ മുൻനിരയിൽ എത്തിക്കാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *