തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരസഭാ പരിധിയിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളുമായി ‘ദേശീയ സേവാഭാരതി’. നഗരത്തിലെ നൂറോളം കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരെ അണിനിരത്തിയാണ് സേവാഭാരതി ശുചീകരണ യജ്ഞം നടത്തിയത്. സേവാഭാരതിയുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് നന്ദി രേഖപ്പെടുത്തി.
ശുചീകരണ യജ്ഞം പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് തടസ്സമില്ലാതെ ചടങ്ങുകൾ പൂർത്തിയാക്കുന്നതിനായി നഗരത്തിലെ പ്രധാന റോഡുകളും ഇടവഴികളും പൊതുസ്ഥലങ്ങളും സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. നൂറ് കേന്ദ്രങ്ങളിലായി നടന്ന ഈ പ്രവർത്തനത്തിൽ സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയൊരു ജനവിഭാഗം പങ്കാളികളായി.
മേയറുടെ അഭിനന്ദനം നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിൽ കോർപ്പറേഷനോടൊപ്പം ചേർന്ന് പ്രവർത്തിച്ച സേവാഭാരതിയുടെ സേവനസന്നദ്ധതയെ മേയർ പ്രകീർത്തിച്ചു. പൊങ്കാലാ മഹോത്സവം പ്ലാസ്റ്റിക് വിമുക്തവും സുരക്ഷിതവുമാക്കാൻ ഇത്തരം സംഘടനകളുടെ പിന്തുണ വലിയ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. നഗര ശുചീകരണത്തിന് നേതൃത്വം നൽകിയ ഓരോ പ്രവർത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പൊങ്കാല ദിവസം ഭക്തർക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസഹായം എന്നിവ നൽകുന്നതിനായി കൂടുതൽ സേവാഭാരതി യൂണിറ്റുകൾ നഗരത്തിൽ സജീവമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
