ഇന്ത്യ ശരിക്കും പെട്ടു ഗയ്‌സ്! വിന്‍ഡീസിന്റെ കൂറ്റൻ ജയം നല്‍കിയത് എട്ടിന്റെ പണി

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ 107 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ടോട്ടൽ ആണിത്. അതേസമയം 255 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്താവുകയായിരുന്നു.

​ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായി എത്തിയ സിംബാബ്‌വെയെ തകർത്ത വെസ്റ്റ് ഇൻഡീസിനെ നേരിടാനിരിക്കുന്ന ഇന്ത്യയ്ക്കും ഇത് വലിയൊരു മുന്നറിയിപ്പാണ്. മാർച്ച് ഒന്നിനാണ് സൂപ്പർ എട്ടിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും നേർക്കുനേർ ഇറങ്ങുന്നത്. സൂപ്പര്‍ 8 ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നില പരിതാപകരമായിരിക്കുകയാണ്. സ്വന്തം മണ്ണില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായെത്തിയ ഇന്ത്യയ്ക്ക് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ സിംബാബ്‌വെയ്ക്കെതിരെയും വിൻഡീസിനെതിരെയും ഇനിയുള്ള മത്സരങ്ങൾ വിജയിച്ചേ തീരൂ.

വെസ്റ്റ് ഇന്‍ഡീസിന്റെ കൂറ്റന്‍ വിജയം കാരണം മറ്റൊരു പണിയും ഇന്ത്യയ്ക്ക് കിട്ടിയിരിക്കുകയാണ്. വലിയ മാർജിനിലുള്ള വിജയത്തോടെ +5.350 എന്ന വമ്പന്‍ നെറ്റ് റണ്‍റേറ്റാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഗ്രൂപ്പ് വണ്ണില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ് വിന്‍ഡീസ്.

ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍റേറ്റ് -3.800 ആണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ വലിയ മാർജിനില്‍ തോല്‍പ്പിച്ചാലും ഇനി ഇന്ത്യയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരെ മറികടക്കുക ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടുതന്നെ സെമിയിലെത്താന്‍ ഇന്ത്യയ്ക്ക് മുന്നിൽ ഇനി ഒരു വഴി മാത്രമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *