ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-സിംബാബ്വെ സൂപ്പർ എയിറ്റ് പോരാട്ടത്തിനിടെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) സംഭവിച്ചത് വമ്പൻ സുരക്ഷാ വീഴ്ച. ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷണാവകാശം ജിയോ ഹോട്ട്സ്റ്റാറിന് മാത്രമായിരിക്കെ, മത്സരത്തിന്റെ ആദ്യ ഏഴ് ഓവറുകൾ ഐസിസി സ്വന്തം യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. അബദ്ധം തിരിച്ചറിഞ്ഞ ഉടൻ ലൈവ് പിൻവലിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ അബദ്ധവശാൽ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചെങ്കിലും മിനുട്ടുകൾക്കുള്ളിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. ഏകദേശം ഒരു ലക്ഷത്തി എഴുപത്തിയാറായിരത്തിലധികം (1,76,000) പേരാണ് നിമിഷനേരം കൊണ്ട് യൂട്യൂബിലൂടെ കളി കാണാനെത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് പ്രേമികൾ ആഘോഷം തുടങ്ങി.
‘Thala For A Reason’ ട്രെൻഡിംഗ് സംപ്രേഷണം കൃത്യം ഏഴ് ഓവറുകൾ പിന്നിട്ടപ്പോഴാണ് ഐസിസി പിൻവലിച്ചത്. ഇതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ജേഴ്സി നമ്പറായ ഏഴിനെ ബന്ധിപ്പിച്ചുകൊണ്ട് ‘Thala For A Reason’ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ വൈറലായി. ഐസിസി പോലും അറിയാതെ ധോണിയോടുള്ള ആദരസൂചകമായി ഏഴാം ഓവറിൽ ലൈവ് കട്ട് ചെയ്തു എന്ന തരത്തിലുള്ള തമാശരൂപേണയുള്ള പോസ്റ്റുകളാണ് എക്സിലും (X) ഇൻസ്റ്റാഗ്രാമിലും നിറയുന്നത്.
കോടിക്കണക്കിന് രൂപയുടെ സംപ്രേഷണ കരാറുകൾ നിലനിൽക്കെ ഐസിസിക്ക് എങ്ങനെ ഇത്തരമൊരു പിഴവ് സംഭവിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
