കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സമയോചിതമായ ഇടപെടലിലൂടെ വിദ്വേഷ നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞത് മാതൃകാപരമായ പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. ഇത്തരം വ്യാജ നിർമ്മിതികളെ വിവേകബുദ്ധിയോടെയും സത്യം ഉയർത്തിപ്പിടിച്ചും പ്രതിരോധിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. വിദ്വേഷം പടർത്തുന്ന സിനിമകൾക്കെതിരെ നിയമവഴികൾ തേടുന്നത് ജനാധിപത്യപരമായ പ്രതിരോധമാണെന്നും ഇത്തരം നീക്കങ്ങളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
