ക്രിക്കറ്റ് മൈതാനത്ത് കശ്മീരിന്റെ ഉദയം; രഞ്ജി ട്രോഫി കിരീടം ജമ്മു കശ്മീരിന്

ശ്രീനഗർ: ഭാരതത്തിന്റെ കായിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട വിജയവുമായി ജമ്മു കശ്മീർ. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി ജമ്മു കശ്മീർ ക്രിക്കറ്റ് ടീം പുതിയ ചരിത്രം കുറിച്ചു. ഈ നേട്ടം വെറുമൊരു കായിക വിജയം എന്നതിലുപരി, മാറിയ കശ്മീരിന്റെയും അവിടുത്തെ സമാധാനാന്തരീക്ഷത്തിന്റെയും പ്രഖ്യാപനമായി മാറുകയാണ്.

മാറ്റത്തിന്റെ ബാറ്റും പന്തും ദശകങ്ങളായി ഭീകരതയുടെയും അസ്ഥിരതയുടെയും നിഴലിലായിരുന്ന മണ്ണിൽ ഇന്ന് വലിയ മാറ്റങ്ങൾ ദൃശ്യമാണ്. കശ്മീരിലെ യുവാക്കളുടെ കൈകളിൽ ഇന്ന് തോക്കുകൾക്ക് പകരം ക്രിക്കറ്റ് ബാറ്റുകളാണെന്നത് വലിയൊരു സാമൂഹിക മാറ്റത്തിന്റെ സൂചനയാണ്. കല്ലെറിഞ്ഞും ബോംബെറിഞ്ഞും തെരുവിലിറങ്ങിയിരുന്ന തലമുറയ്ക്ക് പകരം, മൈതാനങ്ങളിൽ പന്തെറിഞ്ഞും സ്വപ്നങ്ങൾ നെയ്തും മുന്നേറുന്ന ഒരു യുവത്വത്തെയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. സ്റ്റേഡിയങ്ങളിൽ ഇന്ന് മുഴങ്ങുന്നത് വെടിയൊച്ചകളല്ല, മറിച്ച് വിജയത്തിന്റെ ആവേശാരവങ്ങളാണ്.

ശക്തമായ നേതൃത്വവും സമാധാനവും നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ ഭീകരവിരുദ്ധ നിലപാടുകളും കാതലായ ഭരണപരിഷ്കാരങ്ങളുമാണ് കശ്മീരിലെ യുവാക്കളെ മുഖ്യധാരയിലേക്ക് എത്തിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കേന്ദ്രസർക്കാരിന്റെ ചങ്കുറപ്പും ഇന്ത്യൻ സൈന്യത്തിന്റെ കാവലും ആ മണ്ണിൽ സമാധാനം തിരികെ കൊണ്ടുവന്നതിന്റെ ഫലമാണ് ഈ കായിക നേട്ടം. വികസനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാത തിരഞ്ഞെടുക്കാൻ കശ്മീരിലെ ജനങ്ങളെ പ്രാപ്തരാക്കിയതിൽ ഭരണകൂടത്തിന് നിർണ്ണായക പങ്കുണ്ട്.

പുതിയൊരു സന്ദേശം “ഞങ്ങൾ സമാധാനവും പുരോഗതിയും തിരഞ്ഞെടുത്തിരിക്കുന്നു, രാജ്യത്തോടൊപ്പം ചേർന്നുനിൽക്കുന്നു” എന്ന ഉറച്ച സന്ദേശമാണ് ഈ വിജയത്തിലൂടെ കശ്മീരിലെ യുവത്വം ലോകത്തിന് നൽകുന്നത്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കൂടുതൽ കരുത്തുറ്റതാക്കുന്ന ഈ വിജയം വരുംതലമുറകൾക്ക് വലിയ പ്രചോദനമാകും.

Leave a Reply

Your email address will not be published. Required fields are marked *