തിരുവനന്തപുരം: ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ നിന്ന് കോൺഗ്രസ്, സിപിഎം സർക്കാരുകളുടെ കാലത്ത് എത്രമാത്രം സ്വർണവും ഭൂമിയും നഷ്ടപ്പെട്ടുവെന്ന് പൊതുജനങ്ങൾക്ക് അറിയണമെന്നും ഇതിൽ വ്യക്തമായ മറുപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ” എന്ന സുപ്രീം കോടതിയുടെ ചോദ്യം സാധാരണക്കാരായ ഭക്തരുടെ ആശങ്കയാണ് പ്രതിഫലിപ്പിക്കുന്നത്. പവിത്രമായ ശബരിമലയിൽ നിന്ന് നാലരക്കിലോ സ്വർണ്ണം മോഷണം പോയിട്ട് അഞ്ചര മാസം പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതൊരു ചെറിയ വീഴ്ചയാണെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയം കഴിഞ്ഞുപോയ ഒന്നാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന കൊള്ളയെ ഒളിച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ക്ഷേത്രങ്ങളിലെ സ്വത്തുക്കൾ കൊള്ളയടിച്ചവരെ ബിജെപി വെറുതെ വിടില്ലെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജയിലിലടക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതി അവതരിപ്പിച്ച ബജറ്റിനെയും അദ്ദേഹം പ്രശംസിച്ചു. അഞ്ച് വർഷം കൊണ്ട് തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഭവനരഹിതർക്കായി നഗരസഭ നടപ്പിലാക്കുന്ന സ്വന്തം ഭവന പദ്ധതിയും എല്ലാ വാർഡുകളിലും ആരംഭിക്കുന്ന അമൃത് ഫാർമസികളും ജനകീയമായ വലിയ പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്ക് നയത്തിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.
