ഗ്ലോസോഫോബിയ: കേരളത്തിലെ യുവജനങ്ങളിൽ മൗനമായി വളരുന്ന ഒരു Skill Gap -അഡ്വ. ബിലാൽ മുഹമ്മദ്‌ 

കേരളം വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. ഉയർന്ന സാക്ഷരതയും അക്കാദമിക് നേട്ടങ്ങളും നമ്മുടെ അഭിമാനമാണ്. എന്നാൽ ഈ വിദ്യാഭ്യാസ മികവിനൊപ്പം വളരാതെ പോകുന്ന ഒരു പ്രധാന കഴിവുണ്ട് – പൊതുവേദിയിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള  കഴിവ്.  Glossophobia അഥവാ സഭയെ അഭിമുഖികരിച്ചു സംസാരിക്കാനുള്ള ഭയം ഇന്ന് നിരവധി വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും മുന്നേറ്റത്തിന് വലിയൊരു  തടസ്സമായി മാറിക്കൊണ്ടിരിക്കുകയാണ്.

National Institute of Mental Health (NIMH) ന്റെ  പഠനങ്ങൾ പ്രകാരം, 40 തൊട്ട്  77 ശതമാനം ആളുകൾക്ക് പൊതുവേദിയിൽ സംസാരിക്കുമ്പോൾ ഏതെങ്കിലും തോതിൽ ഭയം അനുഭവപ്പെടുന്നു. ചിലർക്കിത് ലഘുവായ ഉത്കണ്ഠയായിരിക്കുമ്പോൾ, മറ്റുചിലർക്കിത് ശക്തമായ മാനസിക സമ്മർദ്ദമായി മാറുന്നു.

ഭയം എങ്ങനെ പ്രകടമാകുന്നു?

ക്ലാസ് മുറിയിൽ സെമിനാർ അവതരിപ്പിക്കേണ്ടി വരുമ്പോൾ കൈകൾ വിറയ്ക്കുക, വാക്കുകൾ തടഞ്ഞുപോകുക, ഹൃദയമിടിപ്പ് കൂടുക, ഇവ പല വിദ്യാർത്ഥികൾക്കും പരിചിതമായ അനുഭവങ്ങളാണ്. “തെറ്റ് പറയുമോ?”, “മറ്റുള്ളവർ പരിഹസിക്കുമോ?” എന്ന ആശങ്കയാണ് പലപ്പോഴും ഈ ഭയത്തിന് അടിസ്ഥാനം. ആത്മവിശ്വാസക്കുറവും മുൻകാല നെഗറ്റീവ് അനുഭവങ്ങളും ഈ  പ്രശ്നം രൂക്ഷമാക്കുന്നു.

അക്കാദമിക് മികവ് മതിയാകുന്നില്ല

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർക്കിനും റാങ്കിനും വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്നത്തെ തൊഴിൽ ലോകത്ത് മാർക്കുകൾ മാത്രം വിജയത്തിന് മതിയാകുന്നില്ല. ഗ്രൂപ്പ് ഡിസ്കഷൻ, പ്രെസന്റേഷൻ, അഭിമുഖം എന്നിവയാണ് ജോലി നേടാനുള്ള പ്രധാന ഘട്ടങ്ങൾ. അറിവ് ഉണ്ടായിട്ടും അത് വ്യക്തമായി അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥ വിദ്യാർത്ഥികളിൽ “സ്കിൽ ഗ്യാപ്” സൃഷ്ടിക്കുന്നു.

ക്യാമ്പസ് പ്ലേസ്മെന്റുകളിൽ പലപ്പോഴും കാണുന്ന ഒരു സത്യമാണ് ഇത്: മികച്ച അക്കാദമിക് റെക്കോർഡ് ഉള്ള വിദ്യാർത്ഥികൾ പോലും ഗ്രൂപ്പ് ചർച്ചകളിൽ പിന്നിലാകുന്നു. സംസാരിക്കാൻ മടി കാണിക്കുന്നതോടെ അവസരങ്ങൾ മറ്റൊരാൾക്ക് കൈമാറപ്പെടുന്നു. ഇതുവഴി തൊഴിൽ സാധ്യതകളിൽ അസമത്വം ഉണ്ടാകുന്നു.

സാമൂഹികവും സാമ്പത്തികവും പ്രത്യാഘാതങ്ങൾ

പൊതുപ്രസംഗ ഭയം വ്യക്തിപരമായ പ്രശ്നമായി തോന്നിയാലും, അതിന് സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുണ്ട്. ആത്മവിശ്വാസക്കുറവ് നേതൃത്വക്ഷമതയെ (leadership) നെ  ബാധിക്കുന്നു. ആശയവിനിമയത്തിൽ പിന്നിലാകുന്നത് സംരംഭകത്വത്തെയും(entrepreneurship) നൂതന  ചിന്തകളെയും(innovative thinking) തടസ്സപ്പെടുത്തുന്നു.

കേരളം ഇന്ന് അന്താരാഷ്ട്രീയ തൊഴിലവസരങ്ങളുടെ കേന്ദ്രങ്ങളിലേക്ക് യുവാക്കളെ അയക്കുന്ന സംസ്ഥാനമാണ്. എന്നാൽ ആഗോള തൊഴിൽ വിപണിയിൽ മുന്നേറാൻ സാങ്കേതിക കഴിവിനൊപ്പം മികച്ച കമ്മ്യൂണിക്കേഷൻ സ്കിലും അനിവാര്യമാണ്.

പരിഹാര മാർഗങ്ങൾ എന്തെല്ലാം?

  • Glossophobia മറികടക്കാൻ  വ്യക്തിപരമായ ശ്രമം മാത്രം മതിയാകില്ല; സാമൂഹിക – വിദ്യാഭ്യാസ  തലത്തിലും ഇടപെടൽ വേണം.
  • സ്കൂൾ തലത്തിൽ തന്നെ പ്രസംഗ പരിശീലനം നിർബന്ധമാക്കുക
  • കോളേജുകളിൽ സ്ഥിരമായ പ്രെസന്റേഷൻ സെഷനുകൾ സംഘടിപ്പിക്കുക
  • ഗ്രൂപ്പ് ചർച്ചകൾക്ക് മാർക്ക് ഉൾപ്പെടുത്തുക
  • കൗൺസിലിംഗ് സൗകര്യങ്ങൾ ശക്തിപ്പെടുത്തുക
  • പ്രസംഗ ക്ലബ്ബുകൾ പ്രോത്സാഹിപ്പിക്കുക
  • ചെറിയ വേദികളിൽ നിന്ന് തുടങ്ങുന്ന പരിശീലനം ആത്മവിശ്വാസം വളർത്താൻ സഹായിക്കും. സ്ഥിരമായ പരിശീലനം  ഭയത്തെ കുറയ്ക്കും.

ചുരുക്കത്തിൽ…

Glossophobia ഒരു വ്യക്തിയുടെ ദൗർബല്യമല്ല; മറിച്ച് പരിശീലനത്തിലൂടെ ജയിക്കാവുന്ന ഒരു വെല്ലുവിളിയാണ്. അക്കാദമിക് മികവിനൊപ്പം ആശയവിനിമയ കഴിവും വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്.

കേരളത്തിലെ യുവജനങ്ങൾ അറിവിൽ മുന്നിലാണ്. ഇനി ആ അറിവ് ആത്മവിശ്വാസത്തോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ധൈര്യവും പരിശീലനവും നൽകേണ്ടത് സമൂഹത്തിന്റെയും വിദ്യാഭ്യാസ സംവിധാനത്തിന്റെയും ഉത്തരവാദിത്വമാണ്.

മൗനം ഒരു ഗുണമാകാം. പക്ഷേ അവസരങ്ങളുടെ വേദിയിൽ മൗനം പലപ്പോഴും നഷ്ടമായി മാറുന്നു.

-അഡ്വ. ബിലാൽ മുഹമ്മദ്‌ 
(അന്താരാഷ്ട്ര പ്രസംഗ പരിശീലകൻ, കമ്മ്യൂണിക്കേഷൻ കോച്ച്, കേരള ഹൈ കോടതി അഡ്വക്കേറ്റ്.) | Contact: 9061612726

Leave a Reply

Your email address will not be published. Required fields are marked *