തിൻസുകിയ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത കർമ്മരേഖയുടെ (Roadmap) ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അസമിലെ തിൻസുകിയയിൽ സന്ദർശനം നടത്തി. കേന്ദ്ര സർക്കാരിന്റെ ‘ഫോർട്ട്‌നൈറ്റ്‌ലി വിസിറ്റ്’ (Fortnightly Visit) പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം അസമിലെത്തിയത്.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തിൻസുകിയ, വടക്കുകിഴക്കൻ മേഖലയുടെ വിനോദസഞ്ചാര സാധ്യതകളുടെ കവാടം കൂടിയാണെന്ന് സന്ദർശന വേളയിൽ മന്ത്രി അഭിപ്രായപ്പെട്ടു. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സർക്കാർ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളും വികസന ആവശ്യങ്ങളും നേരിട്ട് വിലയിരുത്തുകയും ചെയ്തു.
റിപ്പോർട്ട് ഉടൻ സമർപ്പിക്കും
തിൻസുകിയയിലെ ജനങ്ങളുടെ ഉന്നമനത്തിനും സുസ്ഥിരമായ വികസനത്തിനുമായി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയത്തിന് (MDoNER) കൈമാറുമെന്ന് മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്മേൽ സത്വരമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
