ന്യൂഡൽഹി: നിസ്സാര കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിച്ച് (Overthinking) ഇന്ത്യക്കാർ ഓരോ ദിവസവും ശരാശരി മൂന്ന് മണിക്കൂറിലധികം സമയം പാഴാക്കുന്നതായി റിപ്പോർട്ട്. പ്രമുഖ മിന്റ് ബ്രാൻഡായ സെന്റർ ഫ്രെഷും ഗവേഷണ ഏജൻസിയായ യൂഗവും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ മാനസികാരോഗ്യത്തെയും ദൈനംദിന തീരുമാനങ്ങളെയും ബാധിക്കുന്ന ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സർവ്വേയിൽ പങ്കെടുത്ത 81 ശതമാനം പേരും തങ്ങൾ അമിതമായി ചിന്തിക്കുന്നവരാണെന്ന് സമ്മതിച്ചു. ഇതിൽ നാലിൽ ഒരാൾക്ക് ഇതൊരു മാറാത്ത ശീലമായി മാറിയിരിക്കുകയാണ്.
ഭക്ഷണം തിരഞ്ഞെടുക്കുന്നത് മുതൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് വരെയുള്ള സാധാരണ കാര്യങ്ങളിലാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നത്. ഒരു റെസ്റ്റോറന്റിൽ പോയാൽ ഏത് വിഭവം ഓർഡർ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിനെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നതിനേക്കാൾ സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണെന്ന് 63 ശതമാനം പേർ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിൽ ഇത് 69 ശതമാനമാണ്. കൂടാതെ, തൊഴിലിടങ്ങളിൽ മേലുദ്യോഗസ്ഥർ അയക്കുന്ന ‘Ok’ എന്ന ചെറിയ മറുപടി പോലും വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം മറുപടികൾ ലഭിക്കുമ്പോൾ ഏറ്റവും മോശമായ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരാണ് 42 ശതമാനം പേരും.
സോഷ്യൽ മീഡിയയുടെ ഉപയോഗവും ഈ അമിത ചിന്തയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ ഫിൽട്ടറുകളെക്കുറിച്ചും അടിക്കുറിപ്പിനെക്കുറിച്ചും മണിക്കൂറുകളോളം ചിന്തിക്കുന്നവരാണ് യുവാക്കളിൽ ഭൂരിഭാഗവും. ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷനേടാൻ മൂന്നിലൊന്ന് ഇന്ത്യക്കാരും ഇപ്പോൾ ചാറ്റ് ജിപിടി (ChatGPT), ഗൂഗിൾ തുടങ്ങിയ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഹൈപ്പർ-കണക്റ്റഡ് ആയ ലോകത്ത് ഇത്തരം നിസ്സാര കാര്യങ്ങൾക്കായുള്ള അമിത ചിന്ത കുറയ്ക്കേണ്ടത് മാനസിക ഉന്മേഷത്തിന് അത്യന്താപേക്ഷിതമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
