പൗരത്വ ആശങ്കകൾക്ക് പരിഹാരം; ‘കേരള നേറ്റിവിറ്റി കാർഡ്’ ബില്ലിന് നിയമസഭയുടെ അംഗീകാരം

തിരുവനന്തപുരം: പൗരത്വവുമായി ബന്ധപ്പെട്ട ജനങ്ങളുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026’ നിയമസഭ പാസ്സാക്കി. പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് നിർണ്ണായകമായ ഈ ബില്ലിന് സഭ അംഗീകാരം നൽകിയത്. വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള കേരളത്തിന്റെ ശക്തമായ പ്രതിരോധമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

എന്താണ് നേറ്റിവിറ്റി കാർഡ്? ഒരാൾ ജന്മം കൊണ്ട് കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണിത്. നിലവിൽ സർക്കാർ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി, ജനനത്തീയതി, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തിയ ആധികാരികമായ കാർഡാണ് നൽകുക. സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഈ കാർഡ് നിയമപരമായ രേഖയായി ഉപയോഗിക്കാം.

നിയമപ്രാബല്യവും ഗുണങ്ങളും നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് നിയമപരമായ സ്ഥിരത കുറവായിരുന്നു. ഓരോ ആവശ്യത്തിനും വെവ്വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകും. നേറ്റിവിറ്റി കാർഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന ഏറ്റവും ആധികാരികമായ രേഖയായി ഇത് മാറും.

അതിജീവനത്തിന്റെ രാഷ്ട്രീയം “ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല” എന്ന കേരളത്തിന്റെ ഉറച്ച നിലപാടാണ് ഈ ബില്ലിലൂടെ വ്യക്തമാകുന്നതെന്ന് സർക്കാർ അറിയിച്ചു. പുറന്തള്ളലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് പകരം എല്ലാവരെയും ഉൾച്ചേർക്കുന്ന രാഷ്ട്രീയമാണ് കേരളത്തിന്റേതെന്ന് ഈ ബില്ല് തെളിയിക്കുന്നു. പൗരത്വ വിഷയത്തിൽ ആശങ്കയിലായ സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പ്രതിരോധ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *