“കേരളത്തിൽ ഭക്ഷണ രാഷ്ട്രീയം; ഭാവിയിൽ അവന്മാർ എന്തൊക്കെ ചെയ്യും?”: കേരള സ്റ്റോറി 2-നെതിരെ കടുത്ത വിമർശനവുമായി റാപ്പർ വേടൻ

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി റാപ്പർ വേടൻ. ചിത്രത്തിന്റെ ട്രെയിലറിൽ വിദ്വേഷപരമായ ഉള്ളടക്കവും ഭക്ഷണ രാഷ്ട്രീയവുമാണ് ഉള്ളതെന്ന് വേടൻ ആരോപിച്ചു. തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ തളിപ്പറമ്പിൽ സംഘടിപ്പിച്ച ‘ഹാപ്പിനസ് ഫെസ്റ്റിവൽ’ വേദിയിൽ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പരസ്യമായ പ്രതികരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു സിനിമയിലൂടെ ഇത്രയേറെ വെറുപ്പ് പ്രചരിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർ നമുക്കെതിരെ എന്തൊക്കെ ചെയ്യാൻ മടിക്കില്ലെന്ന് നാം ചിന്തിക്കണമെന്ന് വേടൻ പറഞ്ഞു. ട്രെയിലറിൽ ഒരു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടുത്തിയതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിലേക്ക് ഭക്ഷണ രാഷ്ട്രീയം കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നതെന്നും, ഇത്തരം വിഭജന രാഷ്ട്രീയത്തെ തിരിച്ചറിയാൻ ഓരോരുത്തർക്കും കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലെങ്കിൽ ആദ്യം ആക്രമിക്കപ്പെടാൻ പോകുന്നത് സാധാരണക്കാരായ നമ്മളായിരിക്കുമെന്ന മുന്നറിയിപ്പും വേടൻ നൽകി.

പ്രകൃതി ദുരന്തങ്ങളിലും പ്രതിസന്ധികളിലും ജാതിമത ഭേദമന്യേ ഒരുമിച്ച് നിന്നവരാണ് കേരളീയരെന്ന് വേടൻ ഓർമ്മിപ്പിച്ചു. തനിക്ക് പാട്ടുപാടി പണവും വാങ്ങി തിരികെ പോകാമെന്നും എന്നാൽ സഹമനുഷ്യരോടുള്ള ഉത്തരവാദിത്തം കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും പറഞ്ഞ വേടന്റെ വാക്കുകളെ സദസ്സ് വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇതിനോടകം തന്നെ മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വേടന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *