കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും എച്ച്.ആർ (HR) മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ചും സംവദിക്കാൻ ലക്ഷ്യമിട്ടുള്ള ‘എലിവേറ്റ് 26’ (ELEVATE26) ബിസിനസ് കോൺക്ലേവ് കൊച്ചി ഇൻഫോപാർക്കിലെ അതുല്യ ബിൽഡിംഗിൽ നടന്നു. ‘റീ ഇമാജിനിംഗ് ദ ഫ്യൂച്ചർ ഓഫ് വർക്ക്’ (Reimagining the Future of Work) എന്ന പ്രമേയത്തിൽ ലീഡ് കൊച്ചി ബിസിനസ് സ്കൂൾ, ടൈംസ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ എച്ച്.ആർ പ്രൊഫഷണലുകളും വ്യവസായ പ്രമുഖരും സംരംഭകരും പങ്കെടുത്തു. എച്ച്.ആർ ഇവോൾവ് (HR Evolve) എന്ന കമ്മ്യൂണിറ്റിയുടെ പിന്തുണയോടെയാണ് ഈ സംഗമം അരങ്ങേറിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എങ്ങനെയാണ് വ്യവസായങ്ങളെ മാറ്റിമറിക്കുന്നതെന്നും ഡിജിറ്റൽ വേഗത തൊഴിൽ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സെഷനുകൾ ചർച്ച ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ എച്ച്.ആർ എന്നത് കേവലം ഒരു സപ്പോർട്ട് ഫംഗ്ഷൻ മാത്രമല്ലെന്നും, ഭാവിയിലെ തൊഴിലിടങ്ങളെ രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരായി അവർ മാറിയെന്നും ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ‘ലേൺ, അൺലൈൺ ആൻഡ് റിലീൻ’ (Learn, Unlearn, Relearn) എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് പുതിയ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാനാണ് കോൺക്ലേവ് ആഹ്വാനം ചെയ്തത്.
സെഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രായോഗിക ബുദ്ധിശക്തിയും എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ച് പ്രധാന പ്രസംഗങ്ങൾ നടന്നു. ജെൻ എഐ (Gen AI) തൊഴിൽ ശൈലികളിൽ വരുത്തുന്ന മാറ്റങ്ങളും ഹ്യൂമൻ സെന്റർ ഡിസൈനുകളും ഇതിൽ പ്രധാനമായിരുന്നു. കൂടാതെ, ‘ഫ്രം ട്രാൻസാക്ഷണൽ ടു ട്രാൻസ്ഫോർമേഷൻ എച്ച്.ആർ’ (From Transactional to Transformational HR) എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വിവിധ കമ്പനികളിലെ എച്ച്.ആർ മേധാവികൾ പങ്കെടുത്തു. എച്ച്.ആർ വിഭാഗം എങ്ങനെ ഒരു സ്ട്രാറ്റജിക് ലീഡർഷിപ്പിലേക്ക് മാറണം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പാനലിസ്റ്റുകൾ പങ്കുവെച്ചു.
മുത്തൂറ്റ് ഫിനാൻസ് കോ-സ്പോൺസറായും പോൾ ജോൺ റിസോർട്സ് ആൻഡ് ഹോട്ടൽസ് ഹോസ്പിറ്റാലിറ്റി പാർട്ണറായും പങ്കാളികളായ പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ അതിഥികളായെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എമ്പതി, ഇന്നൊവേഷൻ, കൾച്ചർ, ബിസിനസ് സ്ട്രാറ്റജി തുടങ്ങിയ വിഷയങ്ങളെല്ലാം സ്പർശിച്ചുകൊണ്ട് നടന്ന ചർച്ചകൾ പുതിയ കാലത്തെ എച്ച്.ആർ പ്രവർത്തനങ്ങൾക്കുള്ള ദിശാബോധം നൽകുന്നതായിരുന്നു. എച്ച്.ആർ മേഖലയിലെ ഈ സംവാദങ്ങൾ ഇവിടെ അവസാനിക്കുന്നില്ലെന്നും ഇതൊരു പുതിയ മാറ്റത്തിന്റെ തുടക്കമാണെന്നും അറിയിച്ചുകൊണ്ടാണ് സമാപന ചടങ്ങുകൾ നടന്നത്.
