നീലേശ്വരം: പടന്നക്കാട് നെഹ്റു കോളജിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുതിയ രാഷ്ട്രീയ വിവാദം. യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു സ്ക്രീൻഷോട്ട് പുറത്തുവന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന ആരോപണം ശക്തമായത്.
‘ടീം യുഡിഎഫ് തൃക്കരിപ്പൂർ’ എന്ന ഗ്രൂപ്പിൽ വന്ന “അവർ ശരിക്കും നമ്മുടെ ട്രാപ്പിൽ വീണു” എന്ന സന്ദേശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ട് അഭ്യർത്ഥനയ്ക്കിടെ ഉണ്ടായ സംഘർഷം യുഡിഎഫ് മുൻകൂട്ടി പദ്ധതിയിട്ടതാണെന്ന് എൽഡിഎഫ് ആരോപിച്ചു. എന്നാൽ, വിദ്യാർത്ഥികളെ കാണുന്നത് തടയാൻ എസ്എഫ്ഐ ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നുവെന്നും തൃക്കരിപ്പൂരിൽ ഫാസിസ്റ്റ് നടപടികളാണ് നടക്കുന്നതെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സംഘർഷത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
