കൊല്ലം: നീരാവിൽ നവോദയം കലാ-കായിക സമിതി ബാലകലാവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ‘സിന്ദൂരം’ അവധിക്കാല ക്യാമ്പ് ആവേശകരമായി സമാപിച്ചു. ഏപ്രിൽ 12 മുതൽ 14 വരെ നവോദയം കെ.പി അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടന്നത്. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എജ്യുക്കേഷണൽ റിസർച്ചിന്റെ (NaITER) നേതൃത്വത്തിൽ നടന്ന വിവിധ സെഷനുകളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
കുമാരി വർഷ രഞ്ജിത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുജിത്ത് എഡ്വിൻ പെരേര, ഡെപ്യൂട്ടി ഡയറക്ടർമാരായ വിഷ്ണു പ്രസാദ് എം.വി, ബിജു മാവേലിക്കര, വസന്ത് കൃഷ്ണൻ, നിസാമുദ്ദീൻ കെ എന്നിവർ വിവിധ പഠന-വിനോദ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികളിലെ സർഗ്ഗാത്മകതയും നേതൃപാടവവും വളർത്തുന്നതിനോടൊപ്പം കല, കായികം, വിജ്ഞാനം എന്നിവ കോർത്തിണക്കിയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിൽ അരങ്ങേറിയത്. നവോദയം ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടത്തിയ ഈ പരിപാടി പ്രദേശം കണ്ട ഏറ്റവും മികച്ച അവധിക്കാല കൂട്ടായ്മകളിൽ ഒന്നായി മാറി.
