തിരുവനന്തപുരം: പാസ്‌വേഡ് പബ്ലിക്കേഷൻസുമായി (Password Publications) സഹകരിച്ച് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ അധ്യാപകർക്കായി പ്രത്യേക പരിശീലന സെഷൻ സംഘടിപ്പിച്ചു. ‘എഐ യുഗത്തിലെ ക്ലാസ്റൂം മാനേജ്മെന്റ്’ (Classroom Management in the AI Era) എന്ന വിഷയത്തിൽ നടന്ന സെഷന് പ്രമുഖ ട്രെയിനറും സ്ട്രാറ്റജിസ്റ്റുമായ വിഷ്ണു പ്രസാദ് എം. വി (പ്രസാദ് വട്ടപ്പറമ്പ്) നേതൃത്വം നൽകി. സൃഷ്ടി ഇന്നൊവേറ്റീവിന്റെയും (Srishti Innovative) ടീം ഇൻസ്പയറിന്റെയും (Team INSPIRE) അക്കാദമിക് പിന്തുണയോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ആധുനിക സാങ്കേതികവിദ്യയും എഐ ടൂളുകളും ഇന്നത്തെ ക്ലാസ്റൂമുകളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും, വിദ്യാർത്ഥികളുടെ മാറുന്ന ചിന്താഗതിക്കനുസരിച്ച് അധ്യാപകർ എങ്ങനെ സ്വയം മാറണമെന്നും സെഷനിൽ വിശദീകരിച്ചു. ഗെയിമിഫിക്കേഷൻ (Gamification), ഇന്ററാക്ടീവ് ലേണിംഗ്, ഡിജിറ്റൽ എൻഗേജ്‌മെന്റ് സ്ട്രാറ്റജികൾ എന്നിവ ക്ലാസ്റൂമുകളിൽ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇതിൽ ചർച്ചയായി.
ക്ലാസ്റൂമുകളിലെ ഇരിപ്പിട ക്രമീകരണം, വിദ്യാർത്ഥികളുമായുള്ള വൈകാരികമായ അടുപ്പം, മനഃശാസ്ത്രപരമായ സമീപനങ്ങൾ എന്നിവയിലൂടെ എങ്ങനെ മികച്ച ആശയവിനിമയം സാധ്യമാക്കാമെന്ന് സെഷൻ ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തവും ശ്രദ്ധയും വർദ്ധിപ്പിക്കുന്നതിൽ ഡോപ്പമിൻ അധിഷ്ഠിതമായ ‘DOSE’ ഫ്രെയിംവർക്കിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സിൽ പ്രത്യേക ഊന്നൽ നൽകി. ഭാവി വിദ്യാഭ്യാസത്തെക്കുറിച്ചും ക്ലാസ്റൂം മാനേജ്മെന്റിലെ പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും അധ്യാപകർ തങ്ങളുടെ അനുഭവങ്ങളും സംശയങ്ങളും പങ്കുവെച്ച സജീവമായ ചർച്ചയോടെയാണ് പരിപാടി സമാപിച്ചത്.
