ചെന്നൈ: ഇന്ത്യൻ സിനിമാ ലോകം ഏറെ കാലമായി കാത്തിരുന്ന ആ സ്വപ്ന പ്രഖ്യാപനം ഒടുവിൽ ഔദ്യോഗികമായി പുറത്തുവന്നു. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രത്തിനായി കൈകോർക്കുന്നു. പ്രശസ്ത സംവിധായകൻ സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (RKFI) ആണ്. രജനീകാന്തിന്റെ കരിയറിലെ 173-ാമത്തെ ചിത്രമായ ‘തലൈവർ 173’ (Thalaivar 173) എന്ന പേരിലാണ് ഈ പ്രോജക്റ്റ് അറിയപ്പെടുന്നത്.
ബുധനാഴ്ച വൈകുന്നേരം കമൽഹാസൻ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. രജനീകാന്തിനും സുന്ദർ സിക്കുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. അഞ്ച് പതിറ്റാണ്ടുകൾ നീണ്ട ഇവരുടെ ഉറ്റ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായിരിക്കും ഈ ചിത്രമെന്ന് കമൽഹാസൻ കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അരുണാചല’ത്തിന് ശേഷം നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് രജനീകാന്തും സുന്ദർ സിയും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കമൽഹാസനും രജനീകാന്തും മുൻപ് പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും, കമൽഹാസൻ നിർമ്മിക്കുന്ന രജനീ ചിത്രമെന്ന നിലയിൽ ഇതിന് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ‘കാറ്റും മഴയും പുഴയും പോലെ നമുക്ക് ആഘോഷിക്കാം, നമുക്ക് ജീവിക്കാം’ എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് കമൽഹാസൻ ഈ പ്രഖ്യാപനം നടത്തിയത്. 2027 പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന് ശേഷം രജനീകാന്ത് ജോയിൻ ചെയ്യുന്ന ബിഗ് ബജറ്റ് പ്രോജക്റ്റായിരിക്കും ഇത്.
