ക്രൈസ്തവരെ അതിന്യൂനപക്ഷമായി പരിഗണിക്കണം; കേന്ദ്രമന്ത്രി കിരൺ റിജിജുവും മേജർ ആർച്ച് ബിഷപ്പും കൂടിക്കാഴ്ച നടത്തി

ക്രൈസ്തവരെ അതിന്യൂനപക്ഷമായി പരിഗണിക്കണം; കേന്ദ്രമന്ത്രി കിരൺ റിജിജുവും മേജർ ആർച്ച് ബിഷപ്പും കൂടിക്കാഴ്ച നടത്തി

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും കൂടിക്കാഴ്ച നടത്തി. കൊച്ചി കാക്കനാട്ടെ സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലായിരുന്നു നിർണ്ണായകമായ ഈ കൂടിക്കാഴ്ച നടന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളും ആശങ്കകളും ചർച്ചയായ കൂടിക്കാഴ്ചയിൽ, ക്രൈസ്തവരെ ‘അതിന്യൂനപക്ഷമായി’ (Micro-minority) പരിഗണിക്കണമെന്ന പ്രധാന ആവശ്യം സഭ മേധാവി കേന്ദ്രമന്ത്രിക്ക് മുന്നിൽ വെച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉപാധ്യക്ഷൻ ഷോൺ ജോർജ്, ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ക്രൈസ്തവ സഭ നേരിടുന്ന വിവിധ വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ മേജർ ആർച്ച് ബിഷപ്പ്, ന്യായമായ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സഭ ഉന്നയിച്ച അതിന്യൂനപക്ഷ പദവി എന്ന ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി പ്രതിനിധികളെ അയക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.

കേന്ദ്ര സർക്കാരും ക്രൈസ്തവ സഭകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും അവയുടെ ഗുണഫലങ്ങൾ സഭാംഗങ്ങളിലേക്ക് എത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *