പാചകവാതക ക്ഷാമം: ടെക്നോപാർക്കിലെ ഭക്ഷണശാലകൾ പ്രതിസന്ധിയിൽ; അടിയന്തര ഇടപെടൽ വേണമെന്ന് ‘പ്രതിധ്വനി’

തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക (LPG) ക്ഷാമം ഏഷ്യയിലെ തന്നെ വലിയ ഐടി പാർക്കുകളിലൊന്നായ തിരുവനന്തപുരം ടെക്നോപാർക്കിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു. ക്യാമ്പസിനുള്ളിലെ റെസ്റ്റോറന്റുകളും കഫറ്റീരിയകളും സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം കടുത്ത പ്രതിസന്ധിയിലാണ്. ഇത് ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഐടി ജീവനക്കാരുടെ ഭക്ഷണസൗകര്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ ഐടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. പാചകവാതക വിതരണം പുനഃസ്ഥാപിക്കാനും പ്രതിസന്ധി പരിഹരിക്കാനും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിധ്വനി ആവശ്യപ്പെട്ടു. സാഹചര്യം ഇതിലും വഷളാകാൻ അനുവദിക്കരുതെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും സംഘടന കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

പാചകവാതക ക്ഷാമത്തിന്റെ മറവിൽ ക്യാമ്പസിനുള്ളിലെ പല ഭക്ഷണശാലകളും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. സിലിണ്ടർ കിട്ടാനില്ലെന്ന കാരണം പറഞ്ഞ് വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിധ്വനി വ്യക്തമാക്കി. ജോലിസ്ഥലങ്ങളിലെ സുഗമമായ പ്രവർത്തനത്തിന് ഭക്ഷണസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അതിനാൽ, കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതരുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *