വനിതകൾക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്; തമിഴ് രാഷ്ട്രീയത്തിലെ പതിവ് ശൈലി തന്നെയെന്ന് വിമർശനം

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ വനിതകൾക്കായി വമ്പൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ജനങ്ങളെ സ്വാധീനിക്കാൻ ഉതകുന്ന വാഗ്ദാനങ്ങൾ വിജയ് നിരത്തിയത്. എന്നാൽ, മുൻകാല ദ്രാവിഡ പാർട്ടികൾ പിന്തുടർന്നുപോന്ന സൗജന്യ രാഷ്ട്രീയവും വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്ന രീതിയും തന്നെയാണ് വിജയ്‌യും ആവർത്തിക്കുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ടി.വി.കെ അധികാരത്തിലെത്തിയാൽ 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നാണ് പ്രധാന വാഗ്ദാനം. കൂടാതെ, ‘അണ്ണൻ സീർ തിട്ടം’ എന്ന പദ്ധതിയിലൂടെ വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും പട്ടുസാരിയും നൽകുമെന്നും ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ വഴി നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരം നൽകുമെന്നും വിജയ് പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് വർഷത്തിൽ ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന ‘അന്നപൂരണി സൂപ്പർ സിക്സ്’ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, കുറഞ്ഞ പലിശയ്ക്ക് വായ്പകൾ തുടങ്ങിയവയും വിജയ്‌യുടെ വാഗ്ദാനപ്പട്ടികയിലുണ്ട്. ഇതിനുപുറമെ സ്ത്രീ സുരക്ഷയ്ക്കായി ‘റാണി വേലു നാച്ചിയാർ പടൈ’ എന്ന പേരിൽ പ്രത്യേക സേനയെ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, തമിഴ് രാഷ്ട്രീയത്തിലെ പഴയ രീതികളായ സൗജന്യങ്ങളും വസ്തുക്കളും നൽകി വോട്ടുറപ്പിക്കുന്ന അതേ തന്ത്രം തന്നെയാണ് വിജയ്‌യും പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെപ്പോലെ തന്നെ ജനപ്രീതി നേടാൻ സാമ്പത്തിക വാഗ്ദാനങ്ങളെ വിജയ് ആശ്രയിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിലെ പുതുമയില്ലായ്മയെയാണ് കാണിക്കുന്നതെന്ന അഭിപ്രായവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *