ദേശീയ പരിസ്ഥിതി സമ്മേളനത്തിന് വേദിയാകുന്ന കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്റർ പരിസ്ഥിതി സൗഹൃദ കാഴ്ചകളുടെയും വേറിട്ട വിഭവങ്ങളുടെയും സംഗമഭൂമിയാകുന്നു. ഹരിതകേരളം മിഷൻ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനത്ത് നടപ്പിലാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കുന്ന പ്രദർശന-വിപണന സ്റ്റാളുകൾ സന്ദർശകരുടെ തിരക്കുകൊണ്ട് ശ്രദ്ധേയമാവുകയാണ്. പാരിസ്ഥിതിക മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും വനവിഭവങ്ങളും സമന്വയിപ്പിച്ചാണ് എക്‌സിബിഷൻ ഒരുക്കിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് ശേഷം തിരുവനന്തപുരം പിരപ്പമൺകാട് പാടശേഖരത്തിൽ പുനരാരംഭിച്ച കൃഷിയിലൂടെ വിളയിച്ചെടുത്ത ‘പിരപ്പമൺകാട് അരിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമാണ്’ പ്രദർശനത്തിലെ പ്രധാന താരം. ഇടുക്കി കട്ടമുടി വനമേഖലയിൽ നിന്നുള്ള നിന്നുള്ള ബ്രാൻഡഡ് അരിയും വിപണനത്തിനുണ്ട്. മറയൂർ ട്രൈബൽ സൊസൈറ്റിയുടെ മറയൂർ ശർക്കര, കാട്ടുതേൻ തുടങ്ങിയ വനവിഭവങ്ങൾ വാങ്ങാനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്ലാസ്റ്റിക്കിന് ബദലായി എറണാകുളം ഭൂമി സ്ത്രീ കൂട്ടായ്മ ഒരുക്കിയ പാഴ്ത്തുണി മൂല്യ വർധിത ഉൽപ്പന്നങ്ങളും തുണി ബാഗുകളും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു.
വിനോദവും അറിവും സമന്വയിപ്പിക്കുന്ന വിആർ (Virtual Reality) ഷോകളാണ് പ്രദർശനത്തിന്റെ മറ്റൊരു പ്രത്യേകത. ഇടുക്കി ഡാമിന്റെയും പവർഹൗസിന്റെയും ദൃശ്യാനുഭവം നൽകുന്ന കെ.എസ്.ഇ.ബി.യുടെ വിആർ ഷോയും, നെയ്യാർ-മലമ്പുഴ ഡാമുകളുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ജലസേചന വകുപ്പിന്റെ വിആർ ഷോയും സന്ദർശകർക്ക് പുതിയ അനുഭവമാകുന്നു. ഭൂഗർഭ ജല വകുപ്പിന്റെ സേവനങ്ങൾ, ഡബ്ല്യു.ആർ.ഐ (WRI) ഇന്ത്യയുടെ ഹരിതോർജ്ജ പവലിയൻ, ടൈറ്റാനിയത്തിന്റെ ഹരിത സൗഹൃദ സ്ഥാപന മാതൃകകൾ എന്നിവയും ശ്രദ്ധേയമാണ്. കെ.എസ്.ആർ.ടി.സി. ഒരുക്കിയ ലിങ്ക് ബസ്സിന്റെ ഫോട്ടോ പോയിന്റിൽ തിരക്ക് ഏറുകയാണ്.
മലിനജല ശുദ്ധീകരണത്തിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ, സാനിറ്ററി വെൻഡിംഗ് മെഷീനുകൾ, മലിനീകരണ തോത് അളക്കുന്ന സംവിധാനങ്ങൾ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യമായി നന്നാക്കി നൽകുന്ന വടകര ഹരിത കർമ്മസേനയുടെ ഹെൽപ്പ് ഡെസ്‌കും ഡബ്ലിയുആർഐ ഇന്ത്യയുടെ ഹരിതോർജ്ജ പവലിയനും പ്രദർശനത്തിന് മിഴിവേറ്റുന്നു. പൊതുജനങ്ങൾക്ക് ഈ കാഴ്ചകൾ കാണാനുള്ള പ്രവേശനം സൗജന്യമാണ്.പ്രദർശനം 25ന്‌സമാപിക്കും.
