തിരുവനന്തപുരം: രാജ്യത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ (DYFI) പ്രതിഷേധം ശക്തമാക്കുന്നു. ജനങ്ങളെ പട്ടിണിയിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക് ഭവനിലേക്കും, കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന മാർച്ച് സഖാവ് ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം.
എന്നാൽ, ഈ പ്രതിഷേധങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്. ആഗോളതലത്തിൽ ഇറാനും ഇസ്രയേലും തമ്മിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യമാണ് ഇന്ധന-പാചകവാതക പ്രതിസന്ധിക്ക് കാരണമെന്നും, ഇത് മനസ്സിലാക്കാതെ രാഷ്ട്രീയ ലാഭത്തിനായി പോസ്റ്റ് ഓഫീസ് ഉപരോധിക്കുന്നത് ‘ലോകപരാജയമാണെന്നു’മാണ് ഉയരുന്ന പ്രധാന കമന്റുകൾ. ലോകരാജ്യങ്ങളിലെല്ലാം പ്രതിസന്ധിയുണ്ടായിട്ടും ഭാരതത്തിൽ അത് താരതമ്യേന കുറവാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന്റെ നയതന്ത്ര വിജയത്തെക്കുറിച്ചുള്ള ചർച്ചകളും ഇതിനോടൊപ്പം സജീവമാണ്. അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പോലും പ്രവേശനം തടഞ്ഞ ഹോർമൂസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് കടന്നുവരാൻ ഇറാൻ അനുമതി നൽകിയത് മോദി സർക്കാരിന്റെ നയതന്ത്ര മികവാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എണ്ണയും എൽ.എൻ.ജിയുമായി കൂടുതൽ കപ്പലുകൾ ഉടൻ എത്താനിരിക്കെ, വസ്തുതകൾ അന്വേഷിക്കാതെ മോദി വിരോധത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങുന്നത് ശരിയല്ലെന്ന രീതിയിലുള്ള ‘പൊങ്കാല’ കമന്റുകളാണ് ഡിവൈഎഫ്ഐയുടെ പോസ്റ്റിന് താഴെ നിറയുന്നത്.
