സഞ്ജു ‘ഷോ’; വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ എന്ന മലയാളി കരുത്തിന്റെ ബാറ്റിംഗ് വിസ്മയം കണ്ട രാത്രിയിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ സഞ്ജുവിന്റെ പോരാട്ടവീര്യമാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്.

സഞ്ജുവിന്റെ ‘ഈഡൻ’ വിസ്മയം വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും നഷ്ടമായിരുന്നു. എന്നാൽ മൂന്നാം നമ്പറിലിറങ്ങിയ സഞ്ജു സാംസൺ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. 50 പന്തുകളിൽ നിന്ന് 12 ഫോറുകളും 4 സിക്സറുകളുമടക്കം പുറത്താകാതെ 97 റൺസെടുത്ത സഞ്ജു, ടി20 ലോകകപ്പ് റൺ ചേസിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.

പോരാട്ട വീര്യം വിജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു സിക്സറും ഫോറും പറത്തി നാല് പന്തുകൾ ബാക്കി നിൽക്കെ സഞ്ജു ഇന്ത്യയെ വിജയതീരത്തെത്തിച്ചു. മൂന്ന് റൺസ് അകലെ സഞ്ജുവിന് സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ സെമി പ്രവേശം ആഘോഷമാക്കുകയാണ് ആരാധകർ. നായകൻ സൂര്യകുമാർ യാദവ് (18), തിലക് വർമ്മ (27), ഹാർദിക് പാണ്ഡ്യ (17) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി.

സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് എടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മാർച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *