വിശ്വവേദിയിൽ തലയുയർത്തി മലയാളി; ടി20 ലോകകപ്പിലെ താരം സഞ്ജു സാംസൺ, തകർത്തത് കോഹ്ലിയുടെ റെക്കോർഡും

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിൽ ചരിത്രനേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ. ടൂർണമെന്റിലുടനീളം നടത്തിയ തകർപ്പൻ പ്രകടനത്തിലൂടെ ലോകകപ്പിലെ മികച്ച താരത്തിനുള്ള (Player of the Tournament) പുരസ്കാരം സഞ്ജു സ്വന്തമാക്കി. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. ഫൈനലിൽ ന്യൂസിലാൻഡിനെതിരെ നടത്തിയ മിന്നും പ്രകടനത്തോടെ ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോക കിരീടം നേടിക്കൊടുക്കുന്നതിലും സഞ്ജു നിർണ്ണായക പങ്കുവഹിച്ചു.

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന ഒരു വലിയ റെക്കോർഡും ഈ ലോകകപ്പിലൂടെ സഞ്ജു പഴങ്കഥയാക്കി. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. 2014-ൽ കോഹ്ലി നേടിയ 319 റൺസ് എന്ന നേട്ടമാണ് 321 റൺസോടെ സഞ്ജു മറികടന്നത്. ഫൈനലിൽ 46 പന്തിൽ നിന്ന് 5 ഫോറുകളും 8 സിക്സറുകളും അടക്കം 89 റൺസാണ് സഞ്ജു നേടിയത്.

ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും ഇതോടെ സഞ്ജുവിന് സ്വന്തമായി. 2016-ൽ വിൻഡീസ് താരം മാർലോൺ സാമുവൽസ് സ്ഥാപിച്ച 85 റൺസ് എന്ന റെക്കോർഡാണ് പത്ത് വർഷത്തിന് ശേഷം സഞ്ജു തിരുത്തിക്കുറിച്ചത്. ടൂർണമെന്റിൽ ഇഷാൻ കിഷനും (317 റൺസ്) മികച്ച പ്രകടനം നടത്തിയെങ്കിലും സഞ്ജുവിനെ മറികടക്കാനായില്ല. ലോകകപ്പ് ഇലവനിൽ നിന്ന് തുടക്കത്തിൽ പുറത്തായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ സഞ്ജു തുടർച്ചയായ മൂന്ന് ഫിഫ്റ്റികളിലൂടെയാണ് ടൂർണമെന്റ് താരമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *