കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനവും സംസ്ഥാനത്തിന് ലഭിച്ച വിപുലമായ വികസന പദ്ധതികളും കേരളത്തിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചരിത്രപരമായ ചടങ്ങിൽ പ്രധാനമന്ത്രിക്ക് സ്വാഗതം അരുളാൻ സാധിച്ചത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഏകദേശം 11,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളർച്ചയിലും ഈ പദ്ധതികൾ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിലെ പോളിപ്രൊഫൈലിൻ യൂണിറ്റും പുതിയ സൗരോർജ്ജ പദ്ധതികളും വ്യവസായ രംഗത്തെ നൂതന ചുവടുവെപ്പുകളാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ കാഴ്ചപ്പാടിന് ഈ പദ്ധതികൾ കരുത്തേകും.
ഗതാഗത മേഖലയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും സുരേഷ് ഗോപി തന്റെ കുറിപ്പിൽ എടുത്തുപറഞ്ഞു. ദേശീയപാത വികസനം യാത്രാസമയം കുറയ്ക്കുമെന്നും റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും റെയിൽ ശൃംഖലയുടെ വിപുലീകരണവും ജനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ വളർച്ചയിൽ കേരളത്തിന്റെ പങ്ക് വർദ്ധിപ്പിക്കുന്ന രീതിയിൽ കൂടുതൽ കണക്റ്റിവിറ്റിയുള്ള, കരുത്തുറ്റ ഒരു സംസ്ഥാനത്തെയാണ് നാം കെട്ടിപ്പടുക്കുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
