കൊച്ചി: ആദിശങ്കരാചാര്യരുടെ ജന്മദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭയും ശ്രീശങ്കര ട്രസ്റ്റും സംയുക്തമായി വിപുലമായ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 ചൊവ്വാഴ്ച പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലാണ് ചടങ്ങുകൾ നടക്കുകയെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണത്തെ ‘ശ്രീശങ്കര വേദരത്ന’ പുരസ്കാരം പ്രശസ്ത പണ്ഡിതൻ ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരിക്ക് സമർപ്പിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രധാന ചടങ്ങുകൾ: രാവിലെ 9.30-ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ യോഗക്ഷേമസഭ മുൻ സംസ്ഥാന പ്രസിഡന്റ് അക്കിരാമൻ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മലയാളം സർവ്വകലാശാല പ്രഥമ വൈസ് ചാൻസലറുമായ ഡോ. കെ. ജയകുമാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
വേദപണ്ഡിതൻ ഡോ. സി.എം. നീലകണ്ഠൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ശ്രീശങ്കര ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, തന്ത്രിസമാജം മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനൻ നമ്പൂതിരിപ്പാട്, യോഗക്ഷേമസഭ ജില്ലാ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ പുന്നശ്ശേരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
