ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പരിസ്ഥിതി സൗഹൃദ വികസനത്തിന് പുതിയ അധ്യായം തുറക്കുകയാണ്. 1000 കിലോ പ്രതിദിന സംസ്കരണ ശേഷിയുള്ള ദീനബന്ധു മോഡൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. എസ്.ബി.എം (ഗ്രാമീൺ) ഫേസ് 2 പദ്ധതിയിലെ ഗോബർധൻ ഘടകത്തിൽ ഉൾപ്പെടുത്തി, ശുചിത്വ മിഷൻ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ചേർത്ത് ഏകദേശം 50 ലക്ഷം രൂപ ചെലവിൽ 2026–27 സാമ്പത്തിക വർഷത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ഷേത്രത്തിൽ ദിവസേന ഉണ്ടാകുന്ന പ്രസാദ കഞ്ഞി അവശിഷ്ടങ്ങൾ, കഞ്ഞിവെള്ളം, സദ്യാലയത്തിലെ ഭക്ഷ്യ മാലിന്യം, തിടപ്പള്ളിയിലെ ജൈവ മാലിന്യം എന്നിവ ഇനി പരിസ്ഥിതി പ്രശ്നമാകാതെ ബയോഗ്യാസായി മാറും. ഇതിലൂടെ മാലിന്യ സംസ്കരണത്തിനും ശുചിത്വ പരിപാലനത്തിനും വലിയ സഹായമാകും.
പൂവ്, വാഴയില, കരിക്ക്, വാഴനാരു തുടങ്ങിയ ജൈവ വേസ്റ്റുകൾ കമ്പോസ്റ്റാക്കാൻ തുമ്പൂർ മുഴി മാതൃകയിലുള്ള എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിക്കും. നിലവിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച ഗോബർധൻ പദ്ധതി അവസാന ഘട്ടത്തിലാണുള്ളത്. അതിന്റെ വിജയ മാതൃക പിന്തുടർന്നാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിലും ഹരിത സംരംഭം നടപ്പാക്കുന്നത്.ഹരിത ക്ഷേത്രം എന്ന ലക്ഷ്യത്തിലേക്ക് ശക്തമായ ഒരു മുന്നേറ്റമായി ഈ പദ്ധതി മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അറിയിച്ചു.
