പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഓറക്കിൾ കോർപ്പറേഷൻ ആഗോളതലത്തിൽ 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിൽ ഏകദേശം 12,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് സൂചന. സാങ്കേതിക വിദ്യയിലെ മാറ്റങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുകയറ്റവും മൂലം ഐടി മേഖലയിൽ നടക്കുന്ന വലിയ ഘടനാപരമായ മാറ്റത്തിന്റെ (Structural Reset) ഭാഗമായാണ് ഈ പിരിച്ചുവിടൽ എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
എഐ നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യം AI അടിസ്ഥാനമാക്കിയുള്ള സേവനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി മനുഷ്യശേഷി കുറയ്ക്കാനും സാങ്കേതികമായ കഴിവുകളുള്ള ചെറിയ ടീമുകളെ നിലനിർത്താനുമാണ് കമ്പനിയുടെ നീക്കം. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ AI മേഖലയിൽ 150 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഓറക്കിൾ പദ്ധതിയിടുന്നത്. ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിനായി ശമ്പള ഇനത്തിലുള്ള ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2026-ലെ വലിയ തിരിച്ചടി 2026-ന്റെ തുടക്കം മുതൽ ടെക് മേഖലയിൽ വലിയ രീതിയിലുള്ള പിരിച്ചുവിടലുകളാണ് നടക്കുന്നത്. ആമസോൺ, ഐബിഎം, സെയിൽസ്ഫോഴ്സ് തുടങ്ങിയ വൻകിട കമ്പനികളെല്ലാം തന്നെ വലിയ തോതിൽ ജീവനക്കാരെ ഒഴിവാക്കി കഴിഞ്ഞു. അതേസമയം, സാധാരണ ഐടി ജോലികൾ കുറയുമ്പോഴും AI/ML എഞ്ചിനീയറിംഗ് മേഖലയിലുള്ള തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
