തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനത്തെ പ്രമുഖ ഇടത് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. ‘നവകേരള സൃഷ്ടി’, ‘റിയൽ കേരള സ്റ്റോറി’ തുടങ്ങിയ പ്രചാരണങ്ങളുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിട്ടതിലൂടെ എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, എ.എ. റഹീം എന്നിവർ പോക്സോ (POCSO) നിയമപ്രകാരം നടപടി നേരിടേണ്ടവരാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന് അനിൽ നമ്പ്യാർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങൾ നടന്നതെന്നും അദ്ദേഹം പരിഹസിച്ചു. മതേതരത്വത്തിന്റെയും നവോത്ഥാനത്തിന്റെയും പേരിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും കുറിപ്പിൽ പറയുന്നു.
“എല്ലാം പൊളിഞ്ഞല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ” എന്ന പരിഹാസത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി മതപരമായ വികാരങ്ങളെയും നിയമങ്ങളെയും ദുരുപയോഗം ചെയ്യുന്നു എന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഈ പോസ്റ്റിന് താഴെ ഉയരുന്നത്.
