‘വിഷമിക്കാനൊന്നുമില്ല, നിങ്ങൾ വേദനിക്കുന്നത് കണ്ട് ഞാനും വേദനിക്കുന്നു’; വിവാദങ്ങളിൽ പ്രതികരിച്ച് വിജയ്

ചെന്നൈ: വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും രാഷ്ട്രീയ വിവാദങ്ങളെയും കുറിച്ച് തുറന്നു സംസാരിച്ച് നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്. മാമല്ലപുരത്ത് നടന്ന ലോക വനിതാ ദിനാഘോഷ പരിപാടിക്കിടെയാണ് തന്നെ പിന്തുണയ്ക്കുന്നവരോടായി വിജയ് മനസ്സ് തുറന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നെക്കുറിച്ചുള്ള വാർത്തകൾ കേട്ട് ആരാധകർ ആശങ്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവർ വേദനിക്കുന്നത് കാണുമ്പോൾ തനിക്കും വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഈയിടെയായി ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എനിക്ക് വേണ്ടി പോരാടി നിങ്ങൾ വിഷമിക്കുന്നത് ഞാൻ കാണുന്നു. നിങ്ങൾ വേദനിക്കുന്നത് കണ്ട് ഞാനും വേദനിക്കുന്നു. പക്ഷേ നിങ്ങൾ വിഷമിക്കരുത്, ഇവിടെ ആകുലപ്പെടാൻ ഒന്നുമില്ല,” വിജയ് വ്യക്തമാക്കി. ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജയ്‌യുടെ ഈ പ്രതികരണം. നിയമനടപടികൾ അവസാനിക്കുന്നത് വരെ തന്നെ വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ഇന്ത്യയിൽ മറ്റ് വീടുകളില്ലെന്നാണ് സംഗീതയുടെ വാദം.

ഭാര്യയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായും വാർത്തകളുണ്ട്. കോടതി നടപടികളിലേക്ക് പോകാതെ പരസ്പര ധാരണയോടെ പ്രശ്നം പരിഹരിക്കാൻ വിജയ് ശ്രമിക്കുന്നതായാണ് സൂചന. കുടുംബപ്രശ്നങ്ങൾക്കിടയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ വിജയ് സജീവമാണ്. പരിപാടിയിൽ വനിതകൾക്കായി സൗജന്യ പാചക വാതക സിലിണ്ടറുകൾ, മാസന്തോറും സാമ്പത്തിക സഹായം തുടങ്ങി നിരവധി ക്ഷേമപദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *