യുദ്ധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും മൂലം തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ പുതിയ നീക്കവുമായി ഇറാൻ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി നോട്ടായ ‘ഒരു കോടി റിയാൽ’ (10 മില്യൺ റിയാൽ) ഇറാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കി. പണപ്പെരുപ്പം നിയന്ത്രിക്കാനാവാത്ത വിധം ഉയർന്നതോടെ സാധാരണ ഇടപാടുകൾക്ക് പോലും വൻതോതിൽ നോട്ടുകൾ കൈവശം വെക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.
കോടികൾക്ക് വില വെറും 650 രൂപ!
അക്കങ്ങളിൽ ‘കോടി’യാണെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ഈ നോട്ടിന്റെ മൂല്യം കേവലം 7 യുഎസ് ഡോളർ മാത്രമാണ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 650 രൂപ മാത്രം. ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തിറക്കിയ 50 ലക്ഷം റിയാലിന്റെ നോട്ടിനെ മറികടന്നാണ് പുതിയ 10 മില്യൺ നോട്ട് വിപണിയിലെത്തുന്നത്. നോട്ടിൽ യസ്ദിലെ ചരിത്രപ്രസിദ്ധമായ ജാമി മസ്ജിദിന്റെയും ബാം സിറ്റാഡലിന്റെയും ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തകർന്നടിയുന്ന റിയാൽ
അമേരിക്കയും ഇസ്രയേലുമായുള്ള സൈനിക സംഘർഷങ്ങൾ ഇറാന്റെ കറൻസിയായ റിയാലിനെ റെക്കോർഡ് തകർച്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. നിലവിൽ ഒരു യുഎസ് ഡോളറിന് ഏകദേശം 16 ലക്ഷം റിയാൽ എന്ന നിലയിലാണ് വിനിമയ നിരക്ക്. പണപ്പെരുപ്പം 62 ശതമാനത്തിന് മുകളിൽ എത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി വർദ്ധിച്ചു. ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ തകരാറിലാകുമെന്ന ഭീതിയിൽ എടിഎമ്മുകൾക്ക് മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
മാറ്റം ലക്ഷ്യമിട്ട് പുതിയ നീക്കം
കറൻസി മൂല്യം ഇടിയുന്നത് തടയാൻ നോട്ടുകളിൽ നിന്ന് നാല് പൂജ്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള (Redenomination) നടപടികൾക്കും ഇറാൻ തുടക്കം കുറിച്ചിട്ടുണ്ട്. ‘റിയാലി’ന് പകരം ‘തുമാൻ’ ഔദ്യോഗിക കറൻസിയാക്കാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമാണ്. എങ്കിലും യുദ്ധസാഹചര്യവും രാജ്യാന്തര ഉപരോധങ്ങളും തുടരുന്നിടത്തോളം കാലം ഇറാന്റെ സാമ്പത്തിക ഭദ്രത വലിയ ചോദ്യചിഹ്നമായി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
