ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണങ്ങളും ‘ടോൾ’ സംവിധാനവും ഏർപ്പെടുത്തി ഇറാൻ. ഇതിന്റെ ഭാഗമായി യുഎഇയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വരികയായിരുന്ന ‘സെലൻ’ (SELEN) എന്ന കണ്ടെയ്നർ കപ്പൽ ഇറാനിയൻ നാവികസേന തടയുകയും തിരിച്ചയക്കുകയും ചെയ്തു. മുൻകൂർ അനുമതി വാങ്ങാത്തതും കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കാത്തതുമാണ് നടപടിക്ക് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.
‘തെഹ്റാൻ ടോൾ ബൂത്ത്’
യുഎസ്-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണം ഇറാൻ പൂർണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. മുൻകൂർ അനുമതിയോടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് വൻതുക ‘ടോൾ’ ആയി ഈടാക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ ‘തെഹ്റാൻ ടോൾ ബൂത്ത്’ (Tehran Toll Booth) എന്ന് വിശേഷിപ്പിക്കുന്നു. ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ (ഏകദേശം 17 കോടി രൂപ) വരെ ഇത്തരത്തിൽ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ.
പാകിസ്താൻ കപ്പലിന് വിലക്ക്; ഇന്ത്യയ്ക്ക് ഇളവ്
ഇറാനുമായി നയതന്ത്രബന്ധം പുലർത്തുന്ന ‘ശത്രുതയില്ലാത്ത’ രാജ്യങ്ങളിലെ കപ്പലുകൾക്ക് മാത്രമാണ് ഇപ്പോൾ കടന്നുപോകാൻ അനുമതിയുള്ളത്. പാകിസ്താനിലേക്കുള്ള ഭക്ഷണസാധനങ്ങളുമായി വന്ന കപ്പലാണ് ഇപ്പോൾ തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാൽ, ഇറാനുമായി നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പതാകയേന്തിയ മൂന്ന് എണ്ണക്കപ്പലുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷിത പാത അനുവദിച്ചിരുന്നു.
കർശന മുന്നറിയിപ്പ്
തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ നാവികസേനാ അഡ്‌മിറൽ അലിറേസ തങ്‌സിരി (Alireza Tangsiri) വ്യക്തമാക്കി. കപ്പലുകൾ മുൻകൂട്ടി ഇറാനിയൻ മാരിടൈം അതോറിറ്റിയുമായി ഏകോപനം നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾക്കാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാനാണ് ഇറാൻ ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
