ഹോർമുസ് കടലിടുക്ക് തുറപ്പിക്കും; ചൈനയും ഫ്രാൻസും യുദ്ധക്കപ്പലുകൾ അയക്കുമെന്ന് ട്രംപ്

ഇറാൻ അടച്ചുപൂട്ടാൻ ശ്രമിച്ച ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ തങ്ങളോടൊപ്പം ചേരുമെന്നും യുദ്ധക്കപ്പലുകൾ അയക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം.

കടലിടുക്ക് സുരക്ഷിതമായി നിലനിർത്തുന്നതിന് ഈ രാജ്യങ്ങൾ അമേരിക്കയോടൊപ്പം കൈകോർക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷിയുടെ വലിയൊരു ഭാഗം നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ്, എങ്കിലും അവർ ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് ജലപാത തടയാൻ ശ്രമിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി. ഇറാനിയൻ തീരങ്ങളിൽ അമേരിക്ക ബോംബാക്രമണം തുടരുമെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ സുരക്ഷിതവും സ്വതന്ത്രവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ വലിയ വിജയം കാണുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യൻ കപ്പലുകളെ കടന്നുപോകാൻ ഇറാൻ അനുവദിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് ഇന്ത്യൻ കപ്പലുകളാണ് സുരക്ഷിതമായി ഹോർമുസ് കടന്നത്. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ ഇന്ന് കടലിടുക്ക് കടന്നതോടെ രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളാണ് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *