കേരളം സമ്പൂർണ്ണ ആരോഗ്യ സുരക്ഷയിലേക്ക്; സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ചികിത്സാ ഉറപ്പാക്കുന്ന ‘സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി’ക്ക് (Universal Health Coverage) സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കി. കാസ്പ് (KASP), കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ നിലവിലുള്ള പദ്ധതികളിൽ ഉൾപ്പെടാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.

വിഷൻ 2031-ന്റെ ഭാഗമായി വിപുലമായ പദ്ധതി

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഒരു വർഷമായി നടന്ന വിവിധ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് പദ്ധതിക്ക് അന്തിമ അനുമതിയായത്. സർക്കാരിന്റെ ‘വിഷൻ 2031’ അവലോകന യോഗങ്ങളിലും ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു. 2025-ൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രൊപ്പോസലിന് നവംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പച്ചക്കൊടി കാട്ടി. ഇത്തവണത്തെ സംസ്ഥാന ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്.

ചികിത്സാ സഹായ രംഗത്തെ വലിയ കുതിച്ചുചാട്ടം

സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്തുണ്ടായ മാറ്റങ്ങളെ ഉത്തരവ് അടിവരയിടുന്നു. പത്ത് വർഷം മുമ്പ് വെറും 40,000 കുടുംബങ്ങൾക്ക് 30,000 രൂപ വീതമായിരുന്നു സഹായം ലഭിച്ചിരുന്നതെങ്കിൽ, ഇന്ന് കാസ്പ് പദ്ധതി വഴി 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ലഭിക്കുന്നുണ്ട്.

  • കാസ്പ് (KASP): 42 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്.
  • കാരുണ്യ ബെനവലന്റ് ഫണ്ട്: വാർഷിക വരുമാനം 3 ലക്ഷത്തിന് താഴെയുള്ള കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വരെ സഹായം. വൃക്കരോഗികൾക്ക് 1 ലക്ഷം രൂപയുടെ അധിക ആനുകൂല്യം.
  • സാർവത്രിക പരിരക്ഷ: മുകളിൽ പറഞ്ഞ ഒന്നിലും ഉൾപ്പെടാത്തവർക്കായി പുതിയ പദ്ധതി.

2019-ൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ കാൽവെപ്പായാണ് ഈ സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയെ വിലയിരുത്തുന്നത്. ഇതോടെ ചികിത്സാ സഹായത്തിനായി മറ്റൊരു പദ്ധതിയെയും ആശ്രയിക്കാൻ കഴിയാത്ത വിഭാഗങ്ങൾക്ക് സർക്കാർ സുരക്ഷാ കവചം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *