‘RSS ആയ ഒരാൾക്ക് ഇസ്രയേലിനെ തള്ളിപ്പറയാൻ പ്രയാസമുണ്ടാകും’; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം അപമാനിതമാകുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും, ആർ.എസ്.എസ് പശ്ചാത്തലമുള്ള ഒരാൾക്ക് ഇസ്രയേലിന്റെ നിലപാടുകളെ തള്ളിപ്പറയാൻ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അമേരിക്ക ഭീകരവാദത്തിന് എല്ലാ ഒത്താശയും ചെയ്യുന്ന രാജ്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പമാണ് ഇന്ത്യ നീങ്ങുന്നത്. ഇതിലൂടെ രാജ്യത്തിന്റെ പരമാധികാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാൽക്കൽ പണയം വച്ചിരിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഏത് രാജ്യവുമായി വ്യാപാരബന്ധം പുലർത്തണമെന്നും എണ്ണ വാങ്ങണമെന്നും തീരുമാനിക്കാനുള്ള അധികാരം ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്കാണെന്നും എന്നാൽ നിലവിൽ അത് സംഭവിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്റെ നടപടികളെ അപലപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ വലിയ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ തല താഴ്ന്നുപോകുന്ന സാഹചര്യം മോദി സർക്കാർ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ പണ്ട് സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകളിൽ നിന്നുള്ള പിന്നോട്ടുപോക്കാണ് ഇപ്പോൾ ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിഷയങ്ങളിൽ അമേരിക്കയുടെ ചട്ടുകമായി കേന്ദ്ര സർക്കാർ മാറുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും അന്തസ്സിനും കോട്ടം വരുത്തുമെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *