കോഴിക്കോട്: വിദ്യാഭ്യാസ-പരിശീലന രംഗത്തെ നൂതന കൂട്ടായ്മയായ നൈറ്ററിന്റെ (NaITER) പത്താമത് പ്രസിദ്ധീകരണം ‘കളിയിൽ അല്പം കാര്യം 2.0: കാര്യമുള്ള കളികൾ’ പ്രകാശനം ചെയ്തു. കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജ് വൈസ് പ്രിൻസിപ്പലും സൈക്കോളജി വിഭാഗം മേധാവിയുമായ റവ. ഫാ. അനിൽ ആന്റണി പുസ്തകത്തിന്റെ ആദ്യപ്രതി കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു.
പരിശീലകർ, അധ്യാപകർ, മെന്റർമാർ, വിവിധ മേഖലകളിലെ നേതാക്കൾ എന്നിവർക്കായി തയ്യാറാക്കിയ ഈ പുസ്തകം കളികളിലൂടെ എങ്ങനെ അർത്ഥവത്തായ പഠനാനുഭവങ്ങൾ സൃഷ്ടിക്കാമെന്ന് ലളിതമായി വിവരിക്കുന്നു. വിനോദത്തെ അറിവാക്കി മാറ്റുന്ന ഒരു പ്രായോഗിക സഹായിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നൈറ്റർ ഡയറക്ടറും എഴുത്തുകാരനുമായ സുജിത്ത് എഡ്വിൻ പെരേര, പ്രവീൺ, നൈറ്റർ ട്രൈബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പത്താമത് പുസ്തകം എന്ന നാഴികക്കല്ല് പിന്നിടാൻ സഹായിച്ച വിശിഷ്ട അതിഥികൾക്കും നൈറ്റർ കുടുംബാംഗങ്ങൾക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
